കണ്ണൂർ : മുനിസിപ്പൽ കോർപ്പറേഷൻ നാട്ടിലും വിദേശത്തുമുള്ള കമ്പനികളെ പങ്കെടുപ്പിച്ച് നടത്തുന്ന ഗ്ലോബൽ ജോബ് ഫെയർ ജനുവരി 11, 12 തീയതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജനുവരി 11ന് രാവിലെ 11 ന് കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനാകും. കെ.വി സുമേഷ് എം.എൽ.എ മുഖ്യാതിഥിയാകും. ഇന്ത്യയിലെയും വിദേശത്തെയും അറുപതോളം ഉദ്യോഗദായകർ പങ്കെടുക്കുന്ന മേളയിൽ രണ്ടായിരത്തോളം തൊഴിലവസരങ്ങൾ ഉണ്ടാകും. തൊഴിലധിഷ്ഠിത എക്സ്പോ, എജ്യുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവൽ, ആഗോള തൊഴിൽ വിപണി പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, പ്രസന്റേഷനുകൾ, കോർപ്പറേറ്റ് മേഖലയിലെ പ്രമുഖരുമായി മുഖാമുഖം, വിദേശങ്ങളിൽ തൊഴിലിനൊപ്പം ഉപരിപഠനവും ആഗ്രഹിക്കുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടെ വിവിധ സെഷനുകളും ഫെയറിന്റെ ഭാഗമായി നടക്കും. കണ്ണൂരിനു പുറമെ വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികളും മേളയിൽ പങ്കെടുക്കും. ഇതിനോടകം 9000 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഫിനാൻസ്, അഡ്മിനിസ്‌ട്രേഷൻ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, എജ്യൂക്കേഷൻ, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, റീടെയിൽ, ഫുഡ് പ്രോസസിങ്, മാനുഫാക്ചറിങ്, കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽസ്, ടെക്സ്റ്റൈൽസ്, മീഡിയ, ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ, ക്രിയേറ്റീവ് ജോലികൾ തുടങ്ങി നിരവധി മേഖലയിലെ തൊഴിലവസരങ്ങൾ ജോബ് ഫെയറിലൂടെ സാധ്യമാക്കും. ഉദ്യോഗാർഥികൾക്ക് www.kannurglobaljobfair.com വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.
ജനുവരി 12ന് വൈകിട്ട് നാലിന് സമാപന സമ്മേളനം രജിസ്ട്രേഷൻവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സി.പി സന്തോഷ് കുമാർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി എന്നിവർ മുഖ്യാതിഥിയാകും.
Job fair in Kannur on Saturday and Sunday.